പ്രതിജ്ഞ

ഒരു നേരം മിണ്ടാതിരിക്കാം. വീണ്ടും മിണ്ടാതിരിക്കാം
പല വട്ടം മിണ്ടാതിരിക്കാം.
പക്ഷെ മരണം വരെ മാത്രം.
അതു കഴിഞ്ഞാൽ മിണ്ടില്ല, തീർച്ച. എന്റെ പ്രതിജ്ഞ

കരുത്ത്

ഉറങ്ങുന്നില്ലേ ?
ഇല്ല ഉറങ്ങില്ല
അതെന്താ?
രാത്രിയെ പകലാക്കാൻ ആഗ്രഹിക്കുന്നു…
എങ്ങനെ ?
നിശബ്ദമായിരുന്ന് കണ്ണ് തുറന്ന് വയ്ക്കുക…. പകൽ വെളിച്ചത്തിലേക്ക് മനസ്സ് തുറക്കുക…
അത് സാധ്യമാണോ?
സാധ്യമാണ്…അസാധ്യമെന്ന് തോന്നുന്നത് പകലിനെ രാത്രിയാക്കുവാനുള്ള നിങ്ങളുടെ ആഗ്രഹം കൊണ്ടാണ്…

Continue reading “കരുത്ത്”

അന്തരംഗം പലവിധം

കർമ്മം യോഗത്തിനായ് കൊണ്ട് ചെയ്യുന്നവൻ കർമ്മയോഗിയെങ്കിലും കർമ്മമെന്തെന്ന് നിജപ്പെടുത്താനാവില്ലയീവൈവിധ്യമാം ഖണ്ഡിത മാനവവിശ്വത്തിൽ..
സ്പഷ്ടമാം വ്യാഖ്യാനമില്ല മാനവൻ അന്തരംഗത്തിനെന്ന് തിരിച്ചറിഞ്ഞുകൊൾക..
. ദൃശ്യമാം കൗതുകമാം വിശ്വത്തിനോടഭിനിവേശം കുതിക്കുകയില്ലങ്കിലോലത് മൃഗീയതയെന്നുമറിഞ്ഞുകൊൾക

മാറ്റം

പാറൂ. അച്ഛമ്മയാണ് എന്നെ ഏറെയും അങ്ങനെ വിളിച്ചിരുന്നത്… അന്നൊന്നും ആ പേരിനെ ഞാൻ ഇഷ്ടപ്പെട്ടിരുന്നില്ല… പിന്നീടെപ്പോഴോ ആ പേരിനെ ഞാൻ സ്നേഹിച്ചു തുടങ്ങി….. ആ പേരിൽ ഒരു പാട് നിഷ്ക ളങ്കരായ കഥാപാത്രങ്ങൾ ഇഴുകി ചേർന്നതുകൊണ്ടാവാം ഞാനതിനെ സ്നേഹിച്ചു തുടങ്ങിയത്… പാറു നീ വിളക്ക് കത്തിക്കുന്നില്ലേ… സന്ധ്യയായി… അചഛമ്മക്ക് ആ ചോദ്യം ഒരു അധികാരം ആയിരുന്നു…. ഓടി ചെന്ന് വെള്ളം കോരി കുളിച്ച് അരയോളമുള്ള മുടി മെടഞ്ഞ് ഒരു ഉടുപ്പ് ധരിച്ച് നിലവിളക്ക് എടുത്ത് അതിൽ എണ്ണയൊഴിച്ച് തിരിയിട്ട് കത്തിച്ച് ഉമ്മറത്ത് വെക്കും.. നാല് തിരിയിലൊന്ന് മുറ്റത്തെ തുളസിത്തറയിലും ബാക്കി മൂന്നെണ്ണം തെക്ക് വശത്തെ പുളിമരത്തിന് ചോട്ടിലെ പൂർവികൻമാരുടെ അസ്ഥിതറയിലും തെളിയിച്ചു വെക്കും… തിരിച്ചു വരുമ്പോൾ നിലത്ത് വീണ മുല്ലകൾ പെറുക്കി മെടഞ്ഞിട്ട മുടിയിൽ ചൂടും.. ഇന്ന് ആ വീട് അനാഥമാണ്…. അസ്ഥിതറ മുഴുവൻ കാട് പിടിച്ചു.. സ്വതന്ത്രമായി പടർന്ന് പന്തലിച്ചിരുന്ന മുല്ലവള്ളികൾ ഇന്ന് ഞങ്ങി ഞരുങ്ങുന്നു…
.

കൊറോണ ആധിപത്യ കാലഘട്ടത്തിലെ കുയിൽ

ഹോസ്റ്റൽ കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലെ മുറിയിൽ എന്റെ ചിന്തകളും ഫാനും ഈ കോറോണ ആധിപത്യ കാലഘട്ടത്തെ മറി കടക്കുവാൻ മത്സരത്തോടെ  ചലിച്ചു കൊണ്ടേയിരുന്നു.. മുറിയിലെ ജനൽ പടിഞ്ഞാറ് വശത്തായതിനാൽ  കൊറോണ  ആധിപത്യ കാലത്ത് ഏറെ ആസ്വദിച്ചത്
ഭൂമിയിലെ എല്ലാറ്റിനും കാരണഭൂതനായതും എല്ലാ ആധിപത്യങ്ങളുടെ സാക്ഷിയുമായ  ക്ഷമാ ശീലനായ ആ തീഗോള രൂപത്തിന്റെ അസ്തമയ നേരത്തെ ചലനവും നിറപ്പകിട്ടുകളുമാണ്.. ഓരോ ദിവസവും വിവിധ നിറക്കൂട്ടുകൾ ചാലിക്കുന്ന ആ കാഴ്ച കാണാൻ’ ചെടികളെയും   ജനലരികിൽ പരിപാലിച്ചു പോന്നു.. . അസ്തമയ സൂര്യൻ നാലു ചുവരുകൾക്കുള്ളിലേക്ക് വർണ്ണങ്ങൾ ചാലിക്കുന്ന നേരം വ്യായാമത്തിനായ് മാറ്റിവെച്ചു.. ഭൂമിയുടെ എല്ലാ സത്യങ്ങളുടെയും നിശബ്ദ സാക്ഷിയായ ആ തീഗോളത്തെ നോക്കി വ്യായാമം ചെയ്യുമ്പോൾ മനസ്സും ശരീരവും ഒരു പോലെ  ശക്തിയാർജ്ജിക്കുന്നതു പോലെ അനുഭവപ്പെട്ടു..   ഇന്ദ്രിയങ്ങൾ കൊണ്ട് ദർശിക്കാൻ പോലും കഴിയാത്ത , മൃത്യുവിനെ കൊണ്ടുവരുന്ന  വയറസ്സിനെ ഭയന്ന് നാൽ ചുവരുകൾക്കുള്ളിലിരുന്ന് ജനലിലൂടെ പുറം ലോകത്തിന്റെ അനന്തതയെ നോക്കിയിരിക്കുന്ന എന്നെ ,  വർഷങ്ങളോളം   മനുഷ്യനെ ഭയന്ന് ലോക്ഡൗണിൽ കഴിഞ്ഞു കൊണ്ടിരുന്ന പക്ഷി മൃഗാദികളുമായ് ഉപമിച്ചു പോയി.. ഭുദ്ദിയിലും ശരീരഘടനയിലും പ്രവർത്തനത്തിലും വ്യത്യസ്തമാണെങ്കിലും സ്വാതന്ത്ര്യം നിഷേധിക്കുന്ന ഏത് സാഹചര്യങ്ങളോടും പൊരുതുവാൻ എല്ലാ ജീവികൾക്കും  സാധ്യമല്ല.
നിറയെ മാങ്ങകൾ തൂങ്ങി നിൽക്കുന്ന മാവിൻ ചില്ലയിൽ കാലുകൾ ഉറപ്പിച്ച് ആരെയും ഭയമില്ലാതെ  ഏറെ സ്വാതന്ത്ര്യത്തോടെ ധീരനായിരിക്കുന്ന ഒരു കുയിൽ എന്നെ നോക്കി എന്തൊക്കയോ പരിഹാസത്തോടെ പറയുന്നതുപോലെ.. ആകാശത്തിലെ സമാധാനത്തിന്റെ തൂവെള്ളയാർന്ന മേഘങ്ങൾക്ക് താഴെ വർഷങ്ങളായി എന്റെ ശ്രന്ധയിൽ പെടാതിരുന്ന  കൂട്ടമായ് പറക്കുന്ന പറവകൾ ഇന്ന് അങ്ങുമിങ്ങും  പറന്നു  ആഘോഷിക്കുന്ന ദ്യശ്യവിസ്മയത്തെ നോക്കി,   കേൾക്കാൻ ബാധ്യസ്ഥനാണെന്ന ധാർമ്മിക ബോധത്തോടെ ജനലിനരികെ അൽപം ചരിഞ്ഞിരുന്നു, മനസ്സും ചെവിയും ആ കുയിലിന്റെ സ്വരങ്ങളിലേക്ക് ചേർത്തു വച്ച് നെഞ്ചടിപ്പോടെ കേട്ടിരിന്നു….
“ഹേ മനുഷ്യ .. എത്ര നിഷ്ഠൂരമായാണ് നി കൊന്നൊടുക്കിയത്..ജീവനുള്ളവയെയെല്ലാം  നിർജ്ജീവമാക്കാനുള്ള നിന്റെ തിടുക്കം എത്ര ഭയാനകായിരുന്നു.. ഭൂമിയിലുള്ളതും അതിനപ്പുറത്ത് തേടി കണ്ടു പിടിക്കുന്നതുമെതെല്ലാം സ്വന്തമാക്കി മാറ്റിയെന്ന അഹന്ത എത്ര പരിഹാസകരമാണ് മനുഷ്യാ! ഞങ്ങൾ നിങ്ങൾക്കായ് സുരക്ഷിതമായ ഒരു ലോകം ക്ഷതമേൽക്കാതെ നില നിർത്തിക്കൊണ്ടിരിക്കുമ്പോ
അവിടം ഞങ്ങൾക്കായ് നിങ്ങൾ കെണിയൊരുക്കിയത് ഒരിക്കലും വേദനിപ്പിച്ചിട്ടുണ്ടായിരുന്നില്ല.. പകരം ദീർഘവീക്ഷണമില്ലാതെയുള്ള നിങ്ങളുടെ ജീവിത ശൈലി ഞങ്ങളിൽ ആശങ്കയുളവാക്കി..    ലയവും  താളവും ഭാവവും നിറഞ്ഞ  എന്റെ ഓരോ കൂവിവിളിയും നിങ്ങളുടെ സ്വേച്ഛാധിപത്യനെതിരെയുള്ള സമരമുറയായിരുന്നു.. ചെവി കൊള്ളാതെ പോയ ആ സമര മുറയുടെ അർത്ഥം നിങ്ങൾ ഇന്ന് തിരിച്ചറിയുന്നതിൽ ഏറെ സമാധാനം… സ്വതന്ത്രമായ ഒരു ലോകം നിങ്ങൾക്കായ് തുറന്നു തന്നപ്പോൾ  നിങ്ങൾ ഉപേക്ഷിച്ചത് സ്വന്തം ജീവിവർഗ്ഗത്തിന്റെയുമെന്ന പോലെ മറ്റു ജീവലോകത്തിന്റെയും വൈകാരികത പോലും മനസ്സിലാക്കാൻ കഴിയുമായിരുന്ന നിങ്ങളുടെ ഭുദ്ദിവൈഭവത്തേയാണ്…
സ്വന്തം മനുഷ്യ കുലത്തിനോടു പോലും നിങ്ങൾ നൈതികമായ് പ്രവർത്തിച്ചിരുന്നുവോ? ദിവസങ്ങളോളം പട്ടിണി കിടക്കുന്ന മനുഷ്യ കുഞ്ഞുങ്ങൾ നിങ്ങൾക്കിടയിലുണ്ടായിരുന്നില്ലേ! അവർക്കും അവകാശപ്പെട്ടിരുന്ന ഭക്ഷണത്തിന്റെ ഒരംശം പോലും എന്ത് കൊണ്ടവരിcലക്ക് എത്തി ച്ചേരുന്നില്ല. പാർക്കാൻ സുരക്ഷിതമായൊരിടം ഇല്ലാതെ ഭയത്തോടെ ലോകം മുഴുവൻ  അലഞ്ഞ അഭയാർത്ഥികൾ നിങ്ങൾക്കിടയിലുണ്ടായിരുന്നില്ലേ?. മഹാമാരി അദൃശ്യനായ് നിങ്ങളുടെ ശക്തിയെ തകർക്കുമ്പോൾ ആ സാധുക്കളിൽ നിന്നും നിങ്ങളിലേക്ക് ഏറെ അകലമില്ലന്ന് വൈകിയെങ്കിലും തിരിച്ചറിഞ്ഞുവല്ലോ തുല്ല്യനീതിയുള്ളയിടത്ത് ആ മഹാമാരി പറന്നകന്നു കൊണ്ടിരിക്കുന്നതും നിങ്ങൾ കാണുന്നുവോ?  ..  ഇനിയുമേറെ കാലം ഈ നാല് ചുവരുകൾക്കുള്ളിൽ നീ കഴിയണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നില്ല.  ഒരേ യുഗത്തിൽ ജനിച്ച നാം പരസ്പരം അറിഞ്ഞും സ്നേഹിച്ചും സംരക്ഷിച്ചും സഹകരിച്ചും ഏറെ സ്വാതന്ത്ര്യത്തോടെ സന്തോഷഭരിതരായി കഴിയേണ്ടവരാണ്.ഈ കാലത്തേയും  തരണം ചെയ്യാൻ ഒരിക്കൽ നിന്റെ ഭുദ്ദിക്കും സ്വയം പ്രതിരോധിക്കുവാനുള്ള ശാരീരികമായ നിന്റെ കഴിവിനും സാധിക്കും.. എന്റെ മധുരമാർന്ന കൂവിവിളികൾ ഇനിയും ഒരു സമരമുറയായ് മാറാതിരിക്കാനുള്ള ഒരു ലോകത്തെ നമുക്ക് ‘സൃഷ്ടിക്കാം…ചോദിക്കുവാനും പറയുവാനുമിനിയുമേറെയുണ്ടെങ്കിലുമതിനായ്  എന്റെ ഈ ആയുസ്സ് പോലും തികയില്ല മനുഷ്യാ. ഞാൻ  പോവുന്നു”..ആത്മാർത്ഥമായ എല്ലാ ധാർമ്മിക ഉത്തരവാദിത്തം നിർവഹിച്ച് സ്വതന്ത്രമായ് ഉയരങ്ങളിലേക്ക്  ആ കുയിൽ പറന്നു… .. അസ്തമയ സൂര്യന്റെ വർണപകിട്ടുകൾ  മറഞ്ഞു പോയ നേരം നെടു വീർപ്പോടെ പതിയെ ജനൽ പാളികൾ അടച്ച് അടുത്ത സായാഹ്നത്തിനായ് കാത്തിരുന്നു

വികസനം

വരണ്ട് വിണ്ടു കീറിയ മണ്ണിലേക്ക് നോക്കി അയാൾ വ്യാകുലനായി …നാഴികകൾക്കപ്പുറത്തുള്ള നദിയുടെ വറ്റാനിരിക്കുന്ന നേരിയ നീരൊഴുക്ക് അയാളുടെ മനസ്സിനെ അസ്വസ്ഥമാക്കിക്കൊണ്ടിരുന്നു.. ഞാനെന്ത് പിഴച്ചു.. അയാൾ കൈകൾ രണ്ടും നെഞ്ചിൽ ചേർത്ത് പിടിച്ചു വിതുമ്പി. അന്തിയുറങ്ങും വരെ മണ്ണിനെ തലോടുന്ന തനിക്ക് ഒരു പുൽനാമ്പു പോലും വളർത്താൻ പ്രകൃതിയുടെ അനുമതിയില്ലാതായല്ലോ. . അധ്വാനിക്കുവാനുള്ള ചങ്കുറപ്പിൽ നിന്നായിരുന്നു അയാൾ ഈ ലോകത്തിനോടുള്ള വിശ്വാസം കെട്ടിപ്പൊക്കിയിരുന്നത് .നെടുവീർപ്പോടെ അയാൾ മണ്ണിൽ മലർന്ന് കിടന്നു അസ്തമയ സൂര്യനെ നോക്കി ക്ഷീണിതനായ് പതിയെ മയക്കത്തിലേക്ക് വീണു..വികസിത മനുഷ്യന്റെ ആധിപത്യത്ത്യത്തിന്റെ വിഴുപ്പ് വികസ്വര മനുഷ്യൻ തന്റെ തലയിൽ ചുമക്കണമെന്ന യാഥാർഥ്യം അയാൾ തിരിച്ചറിയാതെ സ്വയം ഏറ്റു വാങ്ങി…  കൊത്തിയെടുക്കാൻ ഒരു നെന്മണി പോലുമില്ലാതെ  പകൽ മുഴവൻ അലഞ്ഞ് അവശരായ പറവകൾ  മണ്ണിൽ  കിടന്നുറങ്ങുന്ന ആ മനുഷ്യന്റെ മുകളിലൂടെ  ധൃതിയിൽ കൂടണയാനായ് പറന്നു… തന്റെ സ്ഥായിയായ കർമ്മം തെറ്റിക്കാതെ സൂര്യൻ  ചക്രവാള ത്തിലേക്ക് ആഴ്ന്നിറങ്ങി ഭൂമി മറ്റൊരു പ്രഭാതത്തിനായ് ഒരുങ്ങി.. അഗാധമായ ഉറക്കത്തിലേക്ക് ആഴ്ന്നിറങ്ങിയ അയാൾ  സൂര്യന്റെ ഇളം ചൂടിൽ കണ്ണുകൾ തുറന്നു   ചുറ്റിലും നോക്കി . തന്റെ മേനിയിലെ ഒരു വിയർപ്പു തുള്ളി പോലും ഈ മണ്ണിൽ അവശേഷിക്കുന്നില്ലല്ലോ. ഇനിയെന്ത്? എങ്ങനെ? എപ്പോൾ?
ഉണങ്ങി വരണ്ട പുൽനാമ്പുകളോട് ഹൃദയം തുറന്ന് കുശലം ചോദിച്ചുകൊണ്ട് അയാൾ തന്റെ കുടിലിലേക്ക് നടന്നു. തന്റെ ഇനിയുള്ള ജീവിതത്തിന്റെ  കണക്കുകളെ കൂർത്ത കല്ലുകളിൽ ചവിട്ടി മെതിക്കാൻ ശ്രമിച്ചു കൊണ്ട് ആരുമറിയാതെ ഇടറി… ആരോടും പരാതിയില്ലാതെ വെറുപ്പില്ലാതെ നിസ്വാർത്ഥനായി