science news(1)

Revolutionizing plant biotech: Leibniz Institute of Plant Biochemistry pioneers CRISPR/Cas technology for precise insertion of large gene segments into higher plants, marking a major breakthrough in genetic engineering..

https://phys.org/news/2024-04-crispr-method-enables-stable-insertion.html?fbclid=IwZXh0bgNhZW0CMTEAAR0_FjnN4ogZ8PCU3vbO9gDFdABaGv8gMKV-FbLRMyHQoLLS_clMjcnJPYY_aem_AcWZBcmRyqejalaXbDlNK-Ez1lG3j-xk96VLR7bttphrzJl-rDagFh5NPnIhObxJilJoWRf5Z6PNnPJDM5uAcI06

അനീതി

(Reviving the Past: Retold Histories Unveiled)

Ball point pen art 🎨

ന്റെ തബ്രാ എന്നു വിളിച്ചു കൊണ്ട്
  ഒരു ഇടങ്ങഴി നെല്ലും ഒരു കോഴിയേയും സ്വീകരിച്ച്   അവർ അവരുടെ വാർഷികാചാരം പൂർത്തീകരിച്ചു…   പൂർവികർ ചെയ്ത പാപങ്ങൾ ഇനി ഈ വർഷം   തങ്ങൾക്ക്  ഏൽക്കില്ലല്ലോ  എന്നാശ്വാസത്തിൽ ആ തമ്പ്രാ എന്ന ബഹുമാനസ്വരം അഭിമാനത്തോടെ സ്വീകരിച്ച്  ജൻമിയുടെ മക്കൾ ആശ്വാസത്തോടെ   നെല്ലും കോഴിയും  നൽകി ചെണ്ടമേളവുമായി വെള്ളൻ്റെ വീടിൻ്റെ പടിയിറങ്ങി ഉത്സവാരംഭങ്ങൾക്കായി ഒരുങ്ങി… വർഷങ്ങൾക്കു മുൻപൊരു ദിവസം നടന്ന ഒരു സംഭവത്തിന്റെ തുടർച്ചയായിരുന്നുവത്..  ഒരിക്കൽ അവരുടെ പൂർവ്വികർ കുടുംബ തർക്കത്തിനിടെ  തോക്കെടുത്ത് വെടിയുതിർത്തു.. എന്നാൽ വെടിയേറ്റത്  തർക്കം നടക്കുന്ന പറമ്പിന് തൊട്ട് താഴെയുള്ള  വയലിൽ പണിയെടുത്തു കൊണ്ടിരിക്കുന്ന വെളളനെന്ന പേരുള്ള യുവാവിൻ്റെ തലയ്ക്കായിരുന്നു . തത്ക്ഷണം വെള്ളൻ ആ വയലിൽ  കൊല്ലപ്പെട്ടു… കേസ്  ഇല്ല . ജൻമിക്ക് എതിരെ ആര് എവിടെ എപ്പോൾ പരാതി കൊടുക്കേണമെന്നോ അങ്ങനെ ഒരു പരാതി നൽകാനുള്ള സംവിധാനം ഉണ്ടോ എന്നു പോലും അറിയാതെപോയ വെള്ളന്റെ ഭാര്യ ശാന്തയ്ക്കും മക്കൾക്കും അവരുടെ ബന്ധുക്കൾക്കും ആ നാട്ടുകാർക്കും പരമാധികാരി കൊലയാളിയായ ജൻമി തന്നെ ആയിരുന്നു.. തനിക്കെതിരെ പരാതിയോ വിഷമങ്ങളോ  ഉയർത്തുന്നവരെ  ജൻമി തല കീഴായി തൂക്കിയിട്ട് തലയ്ക്ക് കീഴെ തീ കൂട്ടിയിട്ട് അതിൽ മുളക് ഇട്ട് പുകയിച്ച് കൊല്ലുമെന്നത്  വ്യക്തമായ് അറിയാമായിരുന്ന നാട്ടുകാർ  മൗനവും പാലിച്ചു. വർഷങ്ങൾ കഴിഞ്ഞു..വെടി ഉതിർത്ത ജൻമിയും വെടി ഏൽക്കുമായിരുന്ന ജൻമിയും  ആയുഷ്കാലം ജീവിച്ചു ജരാനരകൾ ബാധിച്ച്  മരിച്ചു… അപ്പോഴും കുടുംബ പ്രശ്നങ്ങൾക്ക് അറുതിയില്ല… എല്ലാ വിധ പൂജകളും നടത്തി നോക്കി….സമാധാനം തീണ്ടാതെ  കുടുംബ തർക്കം തുടർന്നു കൊണ്ടേയിരുന്നു…. ഇനി കുടുംബ ക്ഷേത്രത്തിൽ ഉത്സവം നടത്തേണമത്രെ പ്രശ്നങ്ങൾ അവസാനിക്കാനും സമാധാനം കൈവരിക്കാനും.. കൊല്ലപ്പെട്ട വെള്ളന്റെ മക്കൾക്കും കുടുംബത്തിനും  ഉത്സവം കൊടിയേറും മുൻപ്    പാപ പരിഹാരത്തിനായ്  ഒരു നേർച്ചക്കോഴിയും ഒരു ഇടങ്ങഴി നെല്ലും  നൽകേണം…    പ്രശ്നംവെപ്പുകാരന്റെ ഉപദേശമനുസരിച്ച് അങ്ങനെ  എല്ലാ  വർഷവും ഉത്സവ കൊടിയേറ്റത്തിന് മുൻപ് വെള്ളന്റെ കുടുംബത്തിന് ആ ജൻമിയുടെ മക്കൾ   നെല്ലും  കോഴിയും നൽകുന്നത് ഒരാചാരമായി അന്നാട്ടുകാർ സ്വീകരിച്ച് മതിമറന്നു രസിച്ചു..
കൊലയാളി ഉത്സവത്തിന്റെ പ്രതീകവും അഭിമാനവുമായ് തുടർന്നു.
അച്ഛാ അന്നാട്ടുകാർക്ക് ഭ്രാന്ത് ആണോ ?!
ഭ്രാന്തല്ല അടിമത്വത്തിനേയും അരാചകത്വത്തേയും കടുത്ത ജാതീയതേയും അഹന്തയേയും അറിഞ്ഞും അറിയാതെയും അഭിമാനത്തോടെ അംഗീകരിക്കാൻ സ്വീകരിക്കുന്ന വഴിയാണത്.. നാം പൊരുതേണ്ടതും അത്തരം വൈരൂപ്യ ങ്ങൾക്കെതിരെയാണ്.

പരാഗണം

താങ്കളൊരു ഹിംസാവാദിയാണു.. താങ്കളെ അണിയിച്ചൊരുക്കാൻ ഈ കാലത്തിന് തെല്ലുജാള്യതയില്ലയെന്നതിനാൽ പ്രകീർത്തനങ്ങളർഹിക്കുന്നു… അങ്ങനെ പറഞ്ഞു ആ ധീരയോദ്ധാവ് ഉണങ്ങി നിലം പതിച്ച വൃക്ഷത്തിനെ മഴുകൊണ്ട് ആഞ്ഞ് വീശി തുണ്ടം തുണ്ടമാക്കി . ഹിംസാവാദി അഭിമാനത്തോടെ പ്രതീക്ഷയോടെ ആഹ്ലാദത്തോടെ’ വീണ്ടും മറ്റൊരു വൃക്ഷ
തൈ നട്ടു അതിന്റെ തടത്തിൽ രക്തവും മാംസവും വളമായി നൽകിക്കൊണ്ടിരുന്നു. പൂത്തുലഞ്ഞ ആ വൃക്ഷം സുഗന്ധമില്ലാത്ത പുഷ്പങ്ങളും, മധുരമില്ലാത്തതും ബാഹ്യ സൗന്ദര്യം നിറഞ്ഞതുമായ ഫലങ്ങങ്ങളും കൊഴിച്ചു കൊണ്ടേയിരുന്നു.. പക്ഷികൾ ആ ഫലങ്ങൾ പറിച്ച് ഭൂമിയുടെയോരോ കോണിലും വിത്തുകൾ പാകി.. പിഴുതെറിയാൻ സാധിക്കാത്ത വിധം അതിന്റെ വേരുകൾ അഗാധതയിലെ അന്ധതയിൽ പടർന്നു .. സമീപത്തെ സുഗന്ധം പരത്തുന്ന പുഷ്പ വൃക്ഷങ്ങൾ നിലനിൽപിനായുള്ള പോരാട്ടത്തിൽ ഒന്നൊന്നായ് നിലം പതിച്ചുകൊണ്ടിരുന്നു

Ballpoint pen art 🎨

മനുഷ്യൻ പണിതുയർത്തിക്കൊണ്ടിരിക്കുന്ന വ്യത്യസ്ത ആശയങ്ങൾക്ക്  സൗന്ദര്യം വർദ്ധിക്കുന്നത് എപ്പോഴാണ്.. കാലാനുസൃതമായ് അവ നീതി പുലർത്തുമ്പോൾ

Ball point pen art 🎨

ശുദ്ദീകരണം

വായന ഒരു മനുഷ്യനെ നൈതികതയിലേക്ക് സഞ്ചരിപ്പിക്കുമോ?

ഉം

എങ്ങനെ ?

വായനയെ തൻ്റെ ജീവിത സഞ്ചാര പാതയിൽ ചേർത്ത് നിർത്തുമ്പോൾ .

അതെങ്ങനെ സാധിക്കും?

ഓരോ പുസ്തകത്തെയും ഓരോ മനുഷ്യനായ് കരുതുക. തുടർന്ന്
വിമർശനങ്ങൾ ഉന്നയിക്കുക, ചില ആശയങ്ങൾ സ്വീകരിക്കുകയോ തിരസ്കരിക്കുകയോ ചെയ്യുക,
അവസാന താളും മറിച്ചിടും വരെ
സംവദിച്ചുകൊണ്ടേയിരിക്കുക
✍️

പുഴക്കരികിൽ  കെട്ടിയിട്ടിരിക്കുന്ന ഒരു ചെറു തോണി . വലിഞ്ഞ് നീണ്ട  ഒരു കയറിൻ്റെ അങ്ങേ തലയിൽ  ഒഴുക്കിൻ്റെ ദിശയ്ക്കനുസരിച്ച് നീങ്ങുവാൻ കെൽപില്ലാതെ അനക്കമില്ലാതെ നിൽക്കുന്നു. 
ആരാണ് ഇത്ര അശ്രദ്ധമായ് ഇതിനെ കെട്ടിയിട്ടത്. ആരാണതിനെ കരയിലേക്ക് ചേർന്നു നിൽക്കാൻ കഴിയാത്ത വണ്ണം ദുസ്സഹമായ അവസ്ഥയ്ക്ക് വഴിയൊരുക്കിയത്? ഒഴുക്ക് സൃഷ്ടിച്ചേക്കാവുന്ന അപകടത്തിൽ നിന്നും കയർ എപ്പോഴും  സംരക്ഷിക്കുമെന്ന വിശ്വാസം ആരിലോ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.  ആരിലാവുമത്

മനുഷ്യരില്ലാത്ത ഭൂമിയിൽ കൗതുകങ്ങളില്ല,


പ്രതിഭിംബം ഉള്ളതും ഇല്ലാത്തതുമായ കാഴ്ചകൾ മാത്രം..

മനുഷ്യരല്ലാതൊരു മനുഷ്യരുണ്ടെന്നറിവില്ലാത്തയിടത്തോളം . .

Ball point pen art

Ball point pen art


നീ എന്തെടുക്കുകയാണവിടെ ? ഞാൻ ഒരു വിസ്മയത്തെ നോക്കി നിൽക്കുന്നു..
വിസ്മയമോ .?!
അതെ വിസ്മയം .. മനുഷ്യന്റെ അധിനിവേശത്തിന് മുന്നിലും സധൈര്യം ചിറകുകൾ വിരിച്ച് പറന്ന് ഉല്ലസിച്ച് ജീവിക്കുന്ന വിസ്മയം ..✍️

ആഴങ്ങളിലെ വിശ്രമമില്ലാത്ത ഒഴുക്കിലും ശാന്തതയാണ് അനുഭൂതിപ്പെടുത്തുന്നത്.. ഭൂമി അങ്ങനെയാണ്.  ചില മനുഷ്യരും അങ്ങനെയാണ്…

മഴ പെയ്യാതെ മാഞ്ഞു പോകുന്ന മേഘങ്ങൾ ഒരു തീരാ ദു:ഖമാണ് . കടുത്ത വരൾച്ചയെസൃഷ്ടിക്കാനൊരുമ്പെടുകയാണവ.. ഋജുവായ പ്രകാശത്തെ മറയ്ക്കാൻ മാത്രം ശ്രമിച്ചു കൊണ്ട് അവ എങ്ങോ മായുകയാണ്… ഒരു നനവു പോലും തിരിച്ചു തരാതെ അവ എന്താണ് വിവക്ഷിക്കുന്നത്

വ്യതിയാനങ്ങൾ

സമയം രാത്രി പന്ത്രണ്ട് മണി കഴിഞ്ഞു..എന്റെ ഫാൻ കറങ്ങുന്ന ശബ്ദത്തിനിടയിലൂടെ പുറത്ത് പട്ടികൾ ഉറക്കെ കുരയ്ക്കുന്ന ശബ്ദം കേൾക്കുന്നു.😇. നിശബ്ദമായ രാത്രിയെ അലങ്കോലപ്പെടുത്തുന്ന കർമനിരതരായ ഫാനും , പട്ടിയും ഈ രാത്രിയിലെ ഏകാന്തതയിൽ എനിക്ക് ഏറെ ആശ്വാസകരമാണ്…. അപ്രതീക്ഷിതമായ് മറ്റൊരാൾ രാത്രിയെ നിശബ്ദതയിലേക്ക് നയിക്കാനുള്ള ശ്രമവുമായ് കടന്നു വന്നു.നാല്ദിക്കും മുഴക്കെ ശബ്ദമുയർത്താൻ ശേഷിയുള്ള ഒരു വൃദ്ധ.. കുരച്ചു കൊണ്ടിരിക്കുന്ന പട്ടിയെ ആ വൃദ്ധ ഉറക്കെ വഴക്ക് പറഞ്ഞു. തന്റെ യജമാനത്തിയെ അനുസരിക്കാൻ തയ്യാറാവാതെ പട്ടി തന്റെ കർമ്മത്തിൽ ഉറച്ചു നിന്നു .പട്ടിയും അതിന്റെ യജമാനത്തിയും നിർത്താതെ ശബ്ദമുയർത്തി പരസ്പരം പോരാടിക്കൊണ്ടിരുന്നു…. രാത്രിയിലെ ആ പോരാട്ടം എന്റെ ഫാനിന്റെ താളത്മകമായ ശബ്ദത്തെ അലോസരപ്പെടുത്തി… മനുഷ്യ നിർമിതിയായ ആ അജൈവ വസ്തുവിന് തന്റെ സ്ഥായിയായ താളം ശ്രോതാവായ എന്നിലേക്ക് ലയിപ്പിക്കുകയെന്നത് ഇന്ന് ഇനി അസാധ്യം.. ശബ്ദ പ്രകോപനങ്ങളുടെ കമ്പനത്താൽ മുന്നിലിരിക്കുന്ന പുസ്തകത്താളുകൾ ഉലഞ്ഞു.. ശബ്ദ തരംഗങ്ങളെ തടഞ്ഞു നിർത്താൻ കഴിയാതെ ജനൽ പാളികൾ നിസ്സഹായരായി . കലഹ വേദിയിൽ അകപ്പെട്ട എന്റ ശ്രവണങ്ങൾ എന്റെ മനസ്സിനെ ഉറങ്ങാൻ സമ്മതിക്കാതെ ശാഠ്യം പിടിച്ചുകൊണ്ടേയിരുന്നു..

കാലോചിതം

നൈതികത പുലർത്തുന്ന മനുഷ്യർ ഉള്ളയിടം മരുഭൂമിയാകുന്നതെങ്ങനെ . അവിടം കരിഞ്ഞുണങ്ങാൻ പോകുന്ന മരങ്ങളിൽ
പോലും ജീവൻ കിളിർക്കും . പ്രതീക്ഷകൾ നിറയും . അപ്പോൾ നിങ്ങൾ ചോദിക്കും എന്താണ് നൈതികതയെന്ന് . അവ വ്യത്യസ്തങ്ങളാണ്. കാലങ്ങളാലും പ്രദേശങ്ങളാലും

Ball point pen art

തിരികെ

മഴ പെയ്യാതെ മാഞ്ഞു പോകുന്ന മേഘങ്ങൾ ഒരു തീരാ ദു:ഖമാണ് . കടുത്ത വരൾച്ചയെ സൃഷ്ടിക്കാനൊരുമ്പെടുകയാണവ.. ഋജുവായ പ്രകാശത്തെ മറയ്ക്കാൻ മാത്രം ശ്രമിച്ചു കൊണ്ട് അവ എങ്ങോ മായുകയാണ്… ഒരു നനവു പോലും തിരിച്ചു തരാതെ അവ എന്താണ് വിവക്ഷിക്കുന്നത്

നിശബ്ദാഹ്ലാദം

നല്ല മഴയുള്ള രാത്രി. തണുപ്പ് മുറിയിലേക്ക് ഇരച്ച് കയറുന്നുണ്ട് . തുറന്നിട്ട ജനലുകളോട് വല്ലാത്ത വെറുപ്പ് തോന്നി . എല്ലാം അടയ്ക്കണം . തണുത്ത കാറ്റിനു പ്രവേശനം അനുവദിച്ചുകൂട.. അകത്തേക്ക് പാറി വരുന്ന മഴ ചാറ്റൽ ഏറ്റു വാങ്ങിക്കൊണ്ടിരിക്കുന്ന മുന്നിൽ തുറന്നിട്ട പുസ്തകം അടച്ച് ഞാൻ മെല്ലെ എഴുന്നേറ്റ് ജനൽ വാതിൽ അടച്ചു . പുറത്തു നിന്നും മഴയേക്കാൾ ശബ്ദത്തിൽ അങ്ങകലെ ആരൊക്കയോ ആർത്തു ചിരിക്കുന്നു. മഴ പെയ്തതിന്റെ ആഹ്ലാദം ഈ പാതിരാത്രിയിൽ അവർ ആഘോഷിക്കയാവാം . .
അതു വരെ കടുത്ത ചൂടിൽ അസ്വാസ്ഥ്യമനുഭവിച്ച അവർക്ക് ആ ആഘോഷത്തിനുള്ള അർഹതയുണ്ട് .എന്റെ ആഘോഷം ആരുടെയോ അക്ഷരകൂട്ടങ്ങൾക്കൊപ്പമായിരുന്നു… തണുത്ത അന്തരീക്ഷത്തിൽ അക്ഷരങ്ങളോരോന്നായ് സ്വസ്ഥമായതുപോലെ . ആ സ്വസ്ഥത നിശബ്ദമായ ആനന്ദത്തിലേക്കും നിശബ്ദമായ ആഘോഷത്തിലേക്കും നയിച്ചു കൊണ്ട് പുതപ്പിനുള്ളിലേക്ക് വലിഞ്ഞു ഉറക്കത്തിനായ് കാത്തിരുന്നു.

നിസ്സഹായത

ആരും വേദനിക്കാത്ത ഒരു ലോകം എത്ര സുന്ദരമായിരിക്കും
ഹേയ് . പരമ ബോറായിരിക്കും..
അതെന്താ??
എപ്പോഴും ഒരുപോലെയായാൽ ഒരു രസമുണ്ടാവില്ല ….
സാരമില്ല. ആ ബോറടി ഞാനങ്ങ് സഹിക്കും. എന്നാലും, എല്ലാവരും  എപ്പോഴും സന്തോഷത്തോടെയിരിക്കുന്നത് കാണാൻ ഒരു രസം തന്നെയാ .
തനിക്കു ഈ ലോകത്ത് ഏറ്റവും സങ്കടം ഏത് കാര്യത്തെ കുറിച്ചാണ് ?
നിസ്സഹായവസ്ഥ !

അമൃതരശ്മി

ഇരുട്ടിലെ വെളിച്ചത്തിനാണേറെ കാന്തിയെന്ന് പഠിപ്പിച്ച അമൃതരശ്മീ
‌ഞാൻ സ്നേഹിക്കുന്നവരും എന്നെ സ്നേഹിക്കുന്നവരും നിന്നെയും , നീ അവരെയും കാണുന്നുവെന്നതാണ് ഞാനും നീയും തമ്മിലുള്ള ആത്മബന്ധത്തിന്റെ തീവ്രതയ്ക്ക് നിദാനം…

വൈവിധ്യമാം ലോകം

എത്രയെന്നറിയില്ലങ്കിലുമത് ഏറെയാണ് ലോകമേ നിന്നോടുളള ഇഷ്ടം……..
എന്റെ അഗാധ സ്വപ്നങ്ങളിൽപ്പോലും ആ ഇഷ്ടം അണിചേർന്നുകൊണ്ടേയിരിക്കുന്നു…….
നിർവൃതി കൊൾവാൻ ആ ഇഷ്ടം മതിയാവില്ലങ്കിലും ഞാൻ ആനന്ദ മറിയുന്നു നിൻ വൈവിധ്യങ്ങളാൽ .
എത്ര സുന്ദരമാണ് ലോകമേ നീ ……..
നിന്റെ കൈകളിലെ വൈവിധ്യങ്ങളിൽ പലതും യെൻകണ്ണിനാനന്ദമേകീടുന്നു……
ചിലത് വേദനയെങ്കിലും അവ പൊടുന്നനേ മറയ്ക്കുവാൻ നിന്റെ അതി സുന്ദരമായ വൈവിധ്യങ്ങൾക്കാകീടുന്നു….
പകരം ഞാൻ നിനക്ക് എന്ത് നൽകീടും …..
ഞാനാകുന്ന ചെറു പൊടി നിന്നിലാനന്ദമേകീടാൻ
ഞാനെന്ത് ചെയ് വാനെന്നു അരുളിയാലും ലോകമേ.

ഉയരം

ഒരു നൂലിൽ കെട്ടി
ഉയർന്നു പൊങ്ങുന്ന
പട്ടത്തിനെപ്പോലെ ,
ആകാശമാണ് ഏറ്റവും
ഉയരമുള്ളയിടമെന്ന് കരുതി
പറക്കുന്ന വിഡ്ഢികൾ
എത്ര വ്യത്യസ്തമാണാ കാഴ്ചകൾ

ഫലം

മാനസികമായ് തളർന്ന ഒരു മനുഷ്യന്റെ വാക്കുകൾ തീരും വരെ കേട്ടിരിക്കുക. ഒരു നല്ല വഴി സ്വയം കണ്ടെത്താൻ അയാളെ അത് സഹായിക്കും.. അത്തരം മനുഷ്യന് മുന്നിൽ എപ്പോഴും പോസ്റ്റീവ് ആയിരിക്കുക.

ഇടം

സ്വന്തം വീടിനേയും നാടിനേയും ഉപക്ഷിച്ച് അന്നേ വരെ ഉണ്ടായിരുന്ന എല്ലാ പ്രതീക്ഷകളും ഇല്ലാതായി യാതൊരു പരിചയവും ഇല്ലാത്തയിടത്തേക്ക് ജീവൻ നിലനിർത്തുവാൻ വേണ്ടി മാത്രം എന്നന്നേക്കുമായ് യാത്രയാകുന്ന അഭയാർഥികൾ . ഉറ്റവർ നഷ്ടപ്പെടുന്ന വഴിയാത്രകൾ , ഒരു നേരത്തെ ഭക്ഷണം പോലും ലഭിക്കാത്ത ദിനങ്ങൾ , അവർ ഇപ്പോഴും യാത്രയിലാണ്. ശബ്ദം കൊണ്ടും നിശബ്ദത കൊണ്ടും അതെല്ലാം വീക്ഷിക്കുന്ന ലോകത്ത് അഭയാർഥികൾ ഒരു തുടർക്കഥയാണ്.. ലോകമേ എല്ലാവരേയും സംരക്ഷിക്കാനിടമുണ്ടാകണമേ

തീവ്രലഹരി

ഒരു മത ഭ്രാന്തൻ തീവ്ര മത ചിന്തകളുടെ ഭവിഷത്ത് എത്ര അനുഭവിച്ചാലും പഠിക്കുകയില്ല. അയാൾക്ക് അപ്പോഴും തന്റെ ജീവനെക്കാളും ഉറ്റവരേക്കാളും വലുത് അയാൾ വിശ്വസിക്കുന്ന മതം തന്നെ ആയിരിക്കും.. ലോകത്തെ ഏറ്റവും തീവ്രതയേറിയ ലഹരിയാണ് മതം .

ശക്തം

ആരാണ് നിങ്ങളേക്കാൾ കഴിവുള്ളവർ എന്നു ചോദിച്ചാൽ ആരും ഇല്ല എന്ന് പറയേണം. ഒപ്പം എല്ലാവർക്കും മറ്റെന്തൊക്കയോ കഴിവുകൾ അതിശക്തമായ് ഉണ്ടെന്നും പറയുക..

തെളിഞ്ഞ നേത്രങ്ങൾ

അന്ധകാരത്തിൽ  വീണു പോയവർക്ക് അവരുടെ നേത്രങ്ങൾ കൊണ്ട് എന്താണ് പ്രയോജനം. മനസ്സ് ശുദ്ധീകരിക്കപ്പെടുമ്പോഴേ നേത്രങ്ങൾ ഉപകാരപ്രദമാവുകയുള്ളു ..

ധീരത

ഹേ മനുഷ്യാ … നിങ്ങൾ എത്ര ഭീരുവാണ്.. സത്യത്തിനും നീതിക്കും ധർമ്മത്തിനും വേണ്ടി പൊരുതുവാൻ നിങ്ങൾ എന്തിന് ഭയക്കുന്നു. ഈ പ്രപഞ്ചം പോലും ധീരനാണെന്ന് അറിഞ്ഞാലും. മരണം വരെ ഊർജ്ജ സമ്പന്നനാവാൻ ധീരനായ് ജീവിക്കൂ…

വീക്ഷണം

ഒരുപാട് കെട്ടിടങ്ങളും റോബോർട്ടുകളും നിറഞ്ഞതായിരിക്കില്ല വരും കാലം. ഏറ്റവും സൂക്ഷ്മവസ്തുക്കളായിരിക്കും നമ്മുടെ ഉപകരണങ്ങൾ .  ആ സൂക്ഷ്മ വസ്തുക്കളെയെല്ലാം മനുഷ്യർ തന്റെ ശരീരത്തിൽ ഘടിപ്പിക്കും.. മനുഷ്യത്തം നില നിൽക്കുന്ന കാലത്തോളം മനുഷ്യർ അങ്ങനെ ഇവിടം വാഴും ..

പടിഞ്ഞാറിൽ നിന്നുമാറി ,
തെക്ക് പടിഞ്ഞാറിൽ,
പടിഞ്ഞാറിലെന്ന വ്യാജേന
അസ്തമിച്ചുപോയ സൂര്യാ…
നീ മാനവന്റെ  അന്തരംഗത്തെ അനുകരിക്കുകയോ!..
പരന്റെ ഗുണദോഷങ്ങളൊക്കയും
പരക്കെ പറയും
മാനവനത് കണ്ടില്ലെന്ന്
നടിക്കുമെന്നുനീതെല്ലു കരുതേണ്ട .
നിന്റെയോരോ ചലനവും അളവിനന്നധിഷ്ഠിതമെന്ന
ചിന്തയാലവനീ ത്രിലോകവും നിന്റെയോരോപ്രവൃത്തിയും
നിശ്ചയംഅപകീർത്തിെപ്പെടുത്തു
മെന്നോർത്തുകൊൾക..
തെറ്റ് താൻ വസിക്കുന്നയിടത്തെങ്കിലുമതവൻ മറച്ചീടുമെക്കാലവും നിന്നെ അപകീർത്തിപ്പെടുത്തുവാൻ

ശൂന്യത ഭാവി ആശ്രയം

മനുഷ്യന്റെ നേത്രങ്ങളുടെ പരിമിതിയാണ് ഈ ലോകത്തിലെ പല വസ്തുക്കളും മനുഷ്യനു ശൂന്യമായ് അനുഭവപ്പെടുന്നതിന് കാരണം… ആ ശൂന്യതകളാണ് മനുഷ്യന്റെ മുന്നോട്ടുള യാത്രയ്ക്ക് ഇനി വഴിയൊരുക്കുക..

ദീർഘവീക്ഷണം

നിങ്ങൾക്കറിയില്ലേ കടൽത്തീരങ്ങളിൽ ശബ്ദമുയർത്തുന്ന തിരമാലകളുടെ വെമ്പലുകൾ.. ഏത് നിമിഷവും കരയെ മുഴുവാനായും വിഴുങ്ങാനുള്ള വെമ്പലുകളാണത്.. തിരിച്ചറിയാത്ത മനുഷ്യൻ ആകാശത്തിലേക്കു നോക്കിയിരിക്കും.

അസ്വാതന്ത്ര്യന്റെ ഇരുളിലും ഇവൾ കരുത്തുള്ള പുഷ്പ്പത്തെ വിരിയിക്കുന്നത് ഈ ലോകം മുഴുവൻ കാത്തിരിക്കുന്നതുപോലെ  …. മതിലുകൾക്കുള്ളിലെ എന്റെ പ്രിയ റോസാപ്പൂവേ ….മനസ്സുകൊണ്ട് ഞാൻ നിന്നെ സുഗന്ധമുള്ളതാക്കി   വരവേൽക്കാം …

എല്ലാം നല്ലതിന്

സ്വന്തമായൊരു സംരക്ഷണ കവചം പോലുമില്ലാത്ത കൊറോണ ഈ ലോകത്ത് മനുഷ്യന് മുകളിൽ അസ്ഥിരമായ് ആധിപത്യം കൈവരിച്ചതിൽ എനിക്ക് അതിശയമൊന്നുമില്ല.. ഏതാണ്ട് 2020 ജനുവരി ആദ്യം തന്നെ കോറോണയെ കുറിച്ച് കേട്ടപ്പോൾ ഏതാണ്ട് ഉറപ്പിച്ചു ഇനി ഏറെ കാലം മനുഷ്യർ സ്വതന്ത്രരാവില്ലയെന്ന് .. വുഹാന്റെ ഭൂമിശാസ്ത്രവും അതിന്റെ സാമ്പത്തിക പശ്ചാത്തലവും കൂടെ മനസ്സിലാക്കിയതിനാലാവാം അത്തരമൊരു നിഗമനത്തിലേക്ക് എന്നെ എത്തി ചേർത്തത്. പിന്നീടുള്ള ദിവസങ്ങൾ തിരുവനന്തപുരം സെൻട്രൽ ലൈബ്രററിയിലേക്കുള്ള യാത്ര ഞാൻ അൽപം കുറച്ചു . ഏറെ വിദേശികൾ സന്ദർശകരായ് എത്തുന്നയിടമാണ് സെൻട്രൽ ലൈബ്രററി .. അതുകൊണ്ടുതന്നെ വായനയെല്ലാം ഹോസ്റ്റൽ റൂമിലേക്ക് ഒതുക്കി.. അന്ന് ഹോസ്റ്റലിലെ പലരേയും പുറത്തു പോവുന്നത് ഞാൻ വിലക്കാൻ ശ്രമിച്ചു.. പലരും കളിയാക്കി. ചിലർ രോഷം പ്രകടിപ്പിച്ചു. യഥാർത്ഥ്യം പറഞ്ഞു കൊടുത്താൽ പലരും അങ്ങനെയാണ്. തിരിച്ചറിയാതെ വിദ്വേഷം പ്രകടിപ്പിക്കും. “..എല്ലാരും പോവുന്നുണ്ട്.. ഇതത്ര പ്രശ്നമൊന്നുമില്ല.. നമ്മൾ പേടിച്ച് അകത്തിരിക്കുന്നത് എന്തിനാണ്.. ഇത്ര വൃത്തി പാടില്ല..അവനവന് ഇഷ്ടമുള്ളതും സമാധാനം തോന്നുന്നതുമെല്ലാം ചെയ്യണം. ” അങ്ങനെ പോയി അവർക്ക് എന്നോടുള്ള തർക്ക വാദങ്ങൾ…പലർക്കും പള്ളിയിലും അമ്പലങ്ങളിലും പോവാതിരിക്കാൻ വയ്യ..ഇടയ്ക്കെപ്പോഴോ ഞാനും പരീക്ഷയെഴുതാൻ നാട്ടിൽ പോയി പെട്ടന്ന് തിരിച്ച് വന്നു. അധിക ദിവസം വീട്ടിലിരുന്നാൽ തിരിച്ച് ഹോസ്റ്റലിലേക്ക് വരാൻ സാധിക്കില്ല എന്ന് എനിക്കുറപ്പുണ്ടായിരുന്നു.. രോഗത്തിനെ കുറിച്ച് വ്യക്തമായ ബോധ്യമില്ലാത്ത പലരും ഇത് അധികം നിലനിൽക്കില്ലയെന്നും തിരിച്ച് വരാമെന്നുമുള്ള തെറ്റായ പ്രതീക്ഷയിൽ തിരിച്ച് ഹോസ്റ്റലിൽ വന്ന് പുസ്തകങ്ങൾ കൊണ്ടുപോവാൻ പോലും സാധിക്കാതെ വീട്ടിൽ തന്നെ ഇരിക്കേണ്ടി വന്നു..എന്റെ പുസ്തകമെല്ലാം ഹോസ്റ്റലിലാണ്.. കുറച്ചധികംകാലം പുറത്തിറങ്ങാതെ ഇരുന്നാലും പഠിക്കാനുള്ള പുസ്തകങ്ങൾ വായിക്കാമല്ലോ എന്ന കാരണത്താൽ പെട്ടന്ന് ഹോസ്റ്റലിലേക്ക് മടങ്ങി. കുറച്ചധികം കാലത്തേക്കാവശ്യമുള്ള സാധനങ്ങളും ഒപ്പം കൊണ്ട് വന്നു..പതിയെ അവിടവിടങ്ങളിലായ് രോഗം വ്യാപിച്ചു തുടങ്ങി. അപ്പോഴും ഹോസ്റ്റലിൽ പലരും ആരാധനാലയങ്ങളിലേക്കും മറ്റും പോവാനുള്ള തിടുക്കത്തിൽ തന്നെയായിരുന്നു. ഞാൻ മാത്രം എവിടെയും പോവാതെ ഇരുന്നിട്ട് എന്ത് കാര്യമെന്ന് വേവലാധിയായ് . ആരും കൊറോണയെ അന്നൊന്നും ഭയപ്പെട്ടിരുന്നില്ല. പറഞ്ഞു മനസ്സിലാക്കി കൊടുക്കുവാൻ ഞാൻ ഏറെ ശ്രമിച്ചു. കളിയാക്കലുകൾ മാത്രമായിരുന്നു മറുപടി .. ഇനി ഗവൺമെന്റ് എന്തെങ്കിലും ഒരു നടപടി എടുത്താലെ ഞാനിങ്ങനെ റൂമിൽ ഇരിക്കുന്നതിന് കാര്യമുള്ളു എന്ന് എനിക്ക് ബോധ്യമായ് .. ആ തീരുമാനം ഉടനടി വരുമെന്ന വ്യക്തമായ പ്രതീക്ഷ ഉണ്ടായിരുന്നതിനാൽ കാത്തിരുന്നു.. കുറച്ച് ദിനങ്ങൾ കഴിഞ്ഞതോടെ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു .ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.. സമാധാനമായ് . ഇനി ആരും പുറത്തു പോകില്ല.. ഹോസ്റ്റലിൽ പലരും ടോയ്ലറ്റിൽ പോയതിന് ശേഷം സോപ്പുകൊണ്ട് കൈ കഴുകാതിരിക്കുന്നത് പലപ്പോഴും കണ്ടിരുന്നു.. ജീവിതത്തിൽ യാതൊരു ചിട്ടകളോ പ്രാഥമിക അറിവുകളോ ഇല്ലാത്തവർ അവർ എന്ന് തോന്നിയിട്ടുണ്ട്.. പ്രാഥമിക വിദ്യാഭ്യാസവും അതിൽ കൂടുതലും നേടിയിട്ടു പോലും , അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടായിട്ടു പോലും സാമുഹ്യ പ്രതിബദ്ധത സ്വയം കാണിക്കാൻ ശ്രമിക്കുന്നവരായിട്ടും, ഒന്നു കൈ സോപ്പു കൊണ്ട് കഴുകാനുള്ള പ്രാഥമിക വിവരം പോലും ഇല്ലാത്തവർ.. അവരൊന്നും ഇന്ന് ഹോസ്റ്റലിൽ ഇല്ല . അവർ വളരെ നേരത്തെ തന്നെ പരീക്ഷ പ്രമാണിച്ച് ഹോസ്റ്റലിൽ നിന്നു പോയിരുന്നു.. ഒരു കണക്കിന് നന്നായ് . കൈ കഴുകുന്നവരെ മാത്രം അടുപ്പിക്കുന്നതാണ് ഇക്കാലത്ത് നല്ലത്..ഇനി പുതിയൊരു ജീവിത ശൈലി എല്ലാവരിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം… വൃത്തിയും ചിട്ടയുമുള്ള ജീവിത ശൈലി..

പ്രകൃതിയുടെ അനുമതി

നല്ല മഴയുള്ള വെളുപ്പാൻ കാലത്ത് എഴുന്നേറ്റ് കുളിച്ച് ഒരു കട്ടൻ ചായയും കുടിച്ച് അങ്ങനേ ഇരിക്കുന്നതിന്റെ സുഖം ഒന്നു വേറെ തന്നെയാണ്.. കൃത്യനിഷ്ടരായ മറ്റ് ജീവജാലങ്ങളോട് ഒരു മത്സരമാണതെന്ന് ഇടയ്ക്ക് തോന്നാറുണ്ട്…. ഉദിച്ചു വരുന്ന സൂര്യനെ ഇടയ്ക്കിടെ മറച്ച് പിടിക്കുന്ന മേഘങ്ങളെ കാണുമ്പോൾ വല്ലാത്ത പ്രതീക്ഷയാണ് . മഴ പെയ്തു തീർന്നാൽ ഇല്ലാതാവുന്ന മേഘങ്ങളോട് എനിക്ക് എന്തിന് അമർഷമുണ്ടാവേണം.. ഇനിയും മേഘങ്ങൾ രൂപപ്പെടട്ടെ. ഈ വെളുപ്പാൻ കാലത്ത് തോരാതെ പെയ്യുന്ന മഴ ആവേശമാണ്.. പക്ഷെ ഈ തോരാതെ പെയ്യുന്ന മഴ പലരുടേയും തോരാത്ത കണ്ണീരായ് മാറുകയാണന്നോർക്കുമ്പോൾ എന്റെ ആവേശം കെട്ടടങ്ങുന്നു.. പ്രകൃതിയുടെ താളാത്മകത്തെ നശിപ്പിച്ചതിനുള്ള മറുപടിയായ് അതിനെ ഉൾക്കൊള്ളാൻ ഇന്നും മനുഷ്യർ പൂർണ്ണമായും തയ്യാറല്ല എന്നതാണ് ആശങ്ക.. വൈകി വരുന്ന പരിസ്ഥിതി ആഘാത വിലയിരുത്തലുകളെ നാം ഭയപ്പെട്ടേ മതിയാവു… ഏത് ആഘാതവും വരാതിരിക്കാൻ നാം മുൻകൂട്ടി ശ്രമിച്ചു കൊണ്ടേയിരിക്കേണമെന്നതാണ് ഉചിതം.. ഇനിയങ്ങോട്ടുള്ള ഏത് ഉത്പാദന പക്രിയകൾക്കും പ്രകൃതിയുടെ മൗനരഹിതമായ സമ്മതം മനുഷ്യന്റെ നിലനിൽപിന് അനിവാര്യമായ് തീർന്നിരിക്കുകയാണ്.. തോരാതെ പെയ്യുന്ന മഴയെ നിറഞ്ഞ മനസ്സോടെ ആസ്വദിക്കാൻ കഴിയുന്നൊരു കാലം വരുമെന്ന പ്രതീക്ഷയോടെ …….. (തുടരും )

സാക്ഷി

വെളുപ്പിന് എഴുന്നേറ്റ് സൂര്യനമസ്കാരവും ചെയ്തു അങ്ങനേ ഇരിക്കുമ്പോഴതാ പുറത്ത് വലിയൊരു ബഹളം .. ഒരു കൂട്ടം പക്ഷികൾ എവിടെയും നിൽപ്പുറയ്ക്കാതെ ചാടിയും പറന്നും ഉറക്കെ ബഹളം വയ്ക്കുന്നു.. ഏതോ അപരിചിതനായ ജീവി അധിനിവേശം നടത്തിയതിന്റെ എല്ലാ ലക്ഷണവും ഉണ്ട് .. മനുഷ്യരുടെ അധിനിവേശവുമായ് പൊരുത്തപ്പെട്ട ആ പക്ഷികൾ മറ്റേതോ ജീവിയുടെ അധിനിവേശത്തിനെ മുളയിലേ നുള്ളുവാനുള്ള പരിശ്രമത്തിലാണ്… ആ പരിശ്രമം മണിക്കൂറുകളോളം നീണ്ടുപോയ്.. പിന്നീട് ശബ്ദങ്ങൾ കുറഞ്ഞു . പക്ഷികൾ പലതും പറന്നു പോയി… ആശ്വാസത്തോടെ ഒരു ചൂട് ചായ കുടിച്ച് ഞാനും എന്റെ ദിനത്തിലേക്ക് പറന്നു ..

ക്ഷാമ ഭീതി

ഭക്ഷണം പാചകം ചെയ്യുമ്പോഴുണ്ടാകുന്ന സന്തോഷം ഒന്നു വേറെ തന്നെയാണ്. അത്രത്തോളം സന്തോഷവും സുഖവും ആശ്വാസവും തരുന്ന ഒരു ജോലി വേറെയില്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്… നമ്മളുണ്ടാക്കിയ ഭക്ഷണം മറ്റൊരാൾ കഴിച്ച് നല്ല രസം ഉണ്ടായിരുന്നു എന്നു പറയുമ്പോൾ പാചകത്തിനോടുള്ള ആവേശം ഒന്നുകൂടി കൂടും.. ഇന്ന് ഏറെ മിസ്സ് ചെയ്യുന്നവയിലൊന്ന് ഭക്ഷണപാചകം ആണ് . ഇപ്പോൾ ,എന്നും ആരോ ഉണ്ടാക്കിയ ഭക്ഷണം തീൻ മേശയിൽ യാതൊരു പരിചയവുമില്ലാതെ വന്നിരിക്കുന്നത് കാണുമ്പോൾ എന്നെ പരിചയമുള്ള ഭക്ഷണത്തിനെ ഓർത്തു പോകുന്നു.. എന്നാൽ ഈ കോവിഡ് കാലത്ത് പട്ടിണിപ്പാവങ്ങൾ ഏറെയാണെന്ന വേദനാജനകമായ യാഥാർത്ഥ്യം ഉൾക്കൊള്ളുന്നതിനാൽ മുന്നിൽ വരുന്ന ഏത് ഭക്ഷണത്തിലും ഞാനിന്ന് ഏറെ ഏറെ സംതൃപ്തയാണ്..

യുദ്ധം

നിരായുധരായ മനുഷ്യർക്കു നേരെയുള്ള വയറസ്സിന്റെ ആക്രമണം തികച്ചും പരിഹാസനീയമാണ്… അങ്ങ് അല്പം കൂടി ഒന്നു ക്ഷമിച്ചാലും . ഞങ്ങൾ ആയുധധാരികളാവാൻ കാത്തിരിക്കൂ… നമുക്ക് ധാർമ്മികമായ് യുദ്ധം ആരംഭിക്കാം… മനുഷ്യർ ആയുധധാരികളായാൽ തികച്ചും വിനാശകരമാവുമെന്ന അങ്ങയുടെ ധാരണയെ ഞാൻ ശരി വെക്കുന്നു എന്നും അങ്ങയുടെ അറിവിലേക്ക് കൂട്ടിച്ചേർക്കുന്നു.

രഹസ്യ കലവറ

എന്തിനും ഒരു തുടക്കവും ഒടുക്കവും ഉണ്ട് എന്നത് മനുഷ്യന്റെ സ്ഥാപിതമായ കാഴ്ചപ്പാടാണ് .ഒരു പക്ഷെ അത് തന്നെയാവാം നമ്മുടെ പരിമിതികളെ സൃഷ്ടിക്കുന്നതിന് കാരണമായത്.. തുടക്കവും ഒടുക്കവും എന്നതിന് പകരം മറ്റെന്തോ കാഴ്ചപ്പാടാണ് നാം ഉണ്ടാക്കേണ്ടത് എന്ന് തോന്നുന്നു…

അതിവേഗത

കൃഷിയിടങ്ങൾ പൂർണ്ണമായും ഇല്ലാതാവുന്നൊരു കാലം വന്നാൽ എന്തു ചെയ്യും… എങ്ങനെ ഭക്ഷണം ലഭ്യമാക്കും ..മനുഷ്യൻ തല പുകഞ്ഞു ആലോചിക്കും.. ജി എം ക്രോപ്സ് എവിടെ സാധ്യമാക്കും. ഇടങ്ങളില്ല.. ഒടുക്കം അവൻ ഒരു സിറിഞ്ചിലേക്ക് തന്റെ ഭക്ഷണങ്ങളെ ദ്രാവക രൂപത്തിൽ നിർമിക്കും . ആ ദ്രാവകം ഒരോ മനുഷ്യന്റേയും ആയുഷ്ക്കാലം പൂർണമാക്കും … ആ കാലം വിദൂരമാണോ ?

മനുഷ്യ മസ്തിഷ്ക്കത്തിന്റെ സഞ്ചാരം

എവിടെ പോവുന്നു. ഞാൻ അതാ ആർക്കും ദർശിക്കാൻ സാധിക്കാത്ത മറ്റൊരു ഡയമൻഷനിലേക്ക് .. എങ്ങനെ ?. മനസ്സുകൊണ്ട് . മനുഷ്യന് ഇപ്പോൾ സാധ്യമാവുന്നത് അത് മാത്രമാണ്.. അത് നോക്കൂ. നമുക്ക് മുന്നിലെ ആകാശത്തിലെ ആ ഇരുട്ട് ..അത് ഏതോ പൂർണ്ണതയുടെ എറ്റവും ചെറിയ ഭാഗം മാത്രമാവാം.. അതിന്റെ പൂർണ്ണ രൂപം ദർശിക്കുവാൻ മനസ്സുകൊണ്ട് മാത്രമേ സാധിക്കൂ. ആ പൂർണ്ണ രൂപത്തിനപ്പുറത്ത് മറ്റേതോ ജീവചാലങ്ങൾ വസിക്കുന്നുണ്ടാവാം. ഒരു പക്ഷെ അവർ നമ്മെ കാണുന്നുണ്ടാവാം.. ചിലപ്പോൾ അവരെ സമ്പന്ധിച്ചിടത്തോളം നാം വയറസ്സിനോളം ചെറുതായിരിക്കാം…അല്ലങ്കിൽ കാണാൻ സാധിക്കാത്ത വിധത്തിലുള്ള ജൈവമണ്ഡല സ്ഥിതി ആയിരിക്കാം.. മനുഷ്യന് തന്റെ നഗ്നനേത്രങ്ങൾ കൊണ്ട് സൂക്ഷ്മ കണികയെയും വലിയ കണികയേയും ദർശിക്കുവാൻ സാധിക്കുന്നില്ല. സാങ്കേതിക വിദ്യകൾ കൊണ്ട് ചില സൂക്ഷമ കണികകളെ മനുഷ്യന് ദർശിക്കാൻ കഴിഞ്ഞതു പോലെ വിദൂരതയിലെ വലിയ വസ്തുക്കളെയും ദർശിച്ചു… എന്നാൽ ഏറ്റവും അടുത്തുള്ള വലിയ വസ്തുവിനെ നമുക്ക് ദർശിക്കുവാൻ സാധിക്കുന്നില്ല.. എങ്കിലും പലതും അറിയുന്നു മനസ്സിലാക്കുന്നു… അങ്ങനെ മനസ്സിലാക്കുന്നവർ ഈ ലോകത്ത് ചുരുക്കം ചിലർ മാത്രം.. അവർ വ്യത്യസ്തരാണ്…

നാളെയുടെ വാഗ്ദാനം

“ചെലോൽത് റെഡ്യാവും ചെലോൽത് റെഡ്യാവൂല… ന്റേത് ശര്യായില്ല്യ.. അയ്ന് ഇൻ ക്യൊരു കൊയ്പ്പൊല്ല്യ”മലപ്പുറത്തെ നാലാം ക്ലാസ്സുകാരനായ ഫായിസിന്റെ ഏറെ ചിന്തിപ്പിക്കുന്ന ഈ വാക്കുകൾ ഏറെ ഇഷ്ടപ്പെട്ടു.. മലബാറിന്റെ തനതായ ഭാഷയിൽ വീഡിയോ അവതരിപ്പിച്ച ഫായിസിന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..

അന്ധതയും അനന്തതയും

കോളേജിന്റെ സെമിനാർ ഹാളിൽ നിറഞ്ഞ സദസ്സ് . ആ സദസ്സിൽ ശാസ്ത്രാ അധ്യാപകരും ശാസ്ത്ര ഗവേഷകരും ഞാനടക്കമുള്ള ശാസ്ത്രവിദ്യാർത്ഥികളുമാണ്. വേദിയിൽ ഏറെ പ്രശസ്തനായ ഒരു ശാസ്ത്രജ്ഞൻ പ്രസംഗിച്ചു കൊണ്ടിരിക്കുകയാണ് … അദ്‌ദേഹത്തിന്റെ ഗവേഷണങ്ങളായിരുന്നു പ്രധാന വിഷയം… അതേ തുടർന്നു വിദ്യാർഥികൾക്ക് അദ്ദേഹവുമായ് സംസംസാരിക്കുവാനുള്ള അവസരവും ഉണ്ട് .. മൈക്ക് സദസ്സിലെ വിദ്യാർത്ഥികൾക്കിടയിലേക്ക് കൊണ്ടു വന്നു. താത്പര്യമുള്ളവർക്ക് സംശയങ്ങൾ ചോദിക്കാം.. പലരും ചോദ്യങ്ങൾ തുടങ്ങി. ചോദ്യങ്ങളെല്ലാം അദ്ദേഹം നടത്തിയ ഗവേഷണത്തെ കുറിച്ചായിരുന്നു.. ഒന്നും ചോദിക്കേണ്ടയെന്ന് കരുതി ഞാൻ സമാധനപരമായ് ഇരിക്കുകയായിരുന്നു.. ചോദ്യങ്ങൾ ചോദിച്ചവരെല്ലാം റാങ്കുകൾ വാങ്ങിക്കൂട്ടിയ വിദ്യാർത്ഥികളായിരുന്നു….എല്ലാ ചോദ്യങ്ങൾക്കും അദ്ദേഹം ഉത്തരം പറഞ്ഞു കൊണ്ടിരിക്കുകയാണ്.. മൈക്ക് ഒരു മിന്നായം പോലെ എന്റെ മുന്നിലുടെ ഓടി . പെട്ടന്ന് ഞാനെഴുന്നേറ്റു . മൈക്ക് എന്റെ കൈകളിൽ യാതൊരു പരിഭവം കൂടാതെ വന്നു..” സർ ദൈവം ഉണ്ടെന്നും ഇല്ലന്നുമുള്ള വാദങ്ങൾ നിലനിൽക്കെ ഒരു ശാസ്ത്രജ്ഞനെന്ന നിലയ്ക്ക് അങ്ങയുടെ വാദം എന്താണ് ?” ഒരു നിമിഷം സദസ്സ് നിശബ്ദമായ് .. യാതൊരു സന്ദേഹവുമില്ലാതെ ഞാൻ ഉത്തരത്തിനായ് കാത്ത് നിന്നു …കേട്ടയുടനെ നല്ല ചോദ്യം അഭിനന്ദനം എന്നു പറഞ്ഞു അദ്ദേഹം കയ്യടിച്ചു.. സദസ്സ് അത് കേട്ട് കയ്യടിച്ചു.. അദ്ദേഹത്തിന്റെ ആ കയ്യടിയിൽ നിന്നു തന്നെ ഉത്തരം എനിക്ക് വ്യക്തമായിരുന്നു.. സദസ്സിലെ അധ്യാപകരും ശാസ്ത്ര ഗവേഷകരും അദ്ദേഹത്തിന്റെ ഉത്തരം ആകാംഷയോടെ കേട്ടിരുന്നു. ചിലർക്ക് ആശങ്കയുമുണ്ടായിരുന്നു.. മതവാദികളും മതാ നുയായികളും ആ സദസ്സിൽ ഉണ്ടായിരുന്നു.. അതിലെ മതാനുയായികളായ ചില സഹപാഠികൾ പ്രോഗ്രാം കഴിഞ്ഞപ്പോൾ എന്നോട് രോഷം പ്രകടിപ്പിച്ചു. അവർക്കുള്ള എന്റെ ഒരൊറ്റ ഉത്തരം ഇതായിരുന്നു. ” നിങ്ങൾ ദൈവത്തിൽ അന്ധമായ് വിശ്വസിക്കുന്നവർ ആണ് . എന്നാൽ ഞാൻ ദൈവത്തെ അന്വേഷിച്ചുകോണ്ടേയിരിക്കുന്നവളും ..അവ തമ്മിലുള്ള അന്തരത്തിൽ നിന്നാണ് സ്യഷ്ടിക്കപ്പെടുന്നവയും സൃഷ്ടാവും തമ്മിലുള്ള അനന്തതയെന്തന്ന് ഒരു മനുഷ്യൻ ഉൾക്കൊള്ളേണ്ടത്. ആ അന്വേഷണമാണ് ഓരോ യാത്രയും തുടങ്ങുന്നതിനും അവസാനിക്കുന്നതിനും അത് ചാക്രികമായ് തുടരുന്നതിനും കാരണമാവുന്നത്..എന്തിനെ കുറിച്ചാണോ നിങ്ങൾക്ക് അറിയേണ്ടത് അവയെ അന്വേഷിക്കുക. ഉത്തരം ലഭിക്കും വരെ അവയെ വിശ്വസിക്കാതിരിക്കുക. ” എന്റെ ഉത്തരത്തിന് സഹപാഠി രോഷം മാത്രമാണ് മറുപടിയായ് തന്നത്.. ഒരു നറു പുഞ്ചിരിയോടെ ഞാൻ ആ രോഷം ഏറ്റു വാങ്ങി.. എങ്കിലും ഒരു പരാതി ആ സഹപാഠിക്കു ഞാൻ നൽകി.. “ചോദ്യങ്ങൾ ചോദ്യക്കേണ്ടയിടത്ത് നിന്ന് ചോദിക്കാതെ രഹസ്യമായ് ചോദിക്കുന്നത് നിങ്ങൾ നിങ്ങളിൽ പ്പോലും വിശ്വസിക്കുന്നില്ല എന്നതിന്റെ തെളിവാണ്. ” ..എന്റെ ചോദ്യത്തിനുള്ള ഉത്തരം ആ സദസ്സിൽ ബഹു : ശാസ്ത്രജ്ഞൻ വ്യക്തമാക്കിയിരുന്നു… അദ്ദേഹം പങ്കെടുത്ത ലോകോത്തര ശാസ്ത്ര ചർച്ചകളിൽ പോലും ഇത്തരം ചർച്ചകൾ നടന്നിട്ടുണ്ടെന്ന് അഭിസംബോദന ചെയ്ത് കൊണ്ടായിരുന്നു അദ്ദേഹം ഉത്തരം വ്യക്തമാക്കിയത്…(തുടരും )

ശക്തി നമ്മളിൽ

നാം നമ്മിൽ തന്നെയാണ് വിശ്വസിക്കേണ്ടത്. നമ്മളിൽ തന്നെയാണ് ഊർജ്ജവും ശക്തിയുമുള്ളത്.. ആ ഊർജ്ജത്തെ പല രൂപത്തിലാക്കുവാൻ നമുക്ക് തന്നെ സാധിക്കും.. ഒരിക്കലും നശിക്കുകയില്ല. എന്നാൽ ഏതെങ്കിലും ഒരു കോണിൽ മാത്രം ചിന്തിക്കുന്നവർക്ക് ആ ഊർജത്തെ പല രൂപത്തിലാക്കുവാൻ സാധിക്കാതെ ജനനം മുതൽ മരണം വരെ വ്യത്യസ്തതകളില്ലാതെ ഒരേ രൂപത്തിലുള്ള ഊർജ്ജമായ് തുടരും, . ആ രൂപം പരാജയമാണ്